തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ തൃശൂരിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ് ഐ ആറില്‍ പറയുന്നു.
തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടേത് വിരുദ്ധ അഭിപ്രായമാണെന്ന ചോദ്യത്തോടാണ് ക്ഷുഭിതനായത്. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്.
മുന്‍ എം.എല്‍.എ അനില്‍ അക്കര സുരേഷ് ഗോപിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആദ്യം പരാതി നല്‍കി. ഇതിന് പിന്നാലെ സുരേഷ് ഗോപി തന്നെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മറ്റൊരു പരാതി അയച്ചു. ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഷ്ണുവിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി. തന്റെ വഴി തടഞ്ഞു. ഈ പരാതിയിലാണ് ജാമ്യമില്ല കുറ്റം ചുമത്തി തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ്.