കൊച്ചി: സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയില്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 13 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ ജനുവരി 18നായിരുന്നു നാടകീയ സംഭവം. എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകുകയും വസ്ത്രം പിടിച്ച് വലിക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. കലാ രാജുവിനെ വൈകിട്ട് വിട്ടയക്കുകയും സംഭവത്തില്‍ രണ്ട് സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചര്‍ച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സി.പി.എമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.
