കോണ്‍ഗ്രസില്‍ ലൈംഗീക ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വനിതാനേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.
ഇത്തരമൊരു പരാതി കോണ്‍ഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍ മാര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു ശോഭ സുബിന്‍. എന്നാല്‍ ഷാഫി പറമ്പിലും പരാതിയില്‍ യാതൊരു നടപടിയും എടുക്കാന്‍ തയ്യാറായില്ല. ടി എന്‍ പ്രതാപന്‍ ,എം ലിജു, കെ പി അനില്‍കുമാര്‍, വി കെ ശ്രീകണ്ഠന്‍
തുടങ്ങിയവര്‍ക്കും താന്‍ പരാതി നല്‍കിയെന്നും എന്നാല്‍ ശോഭാ സുബിനായി നേതാക്കള്‍ സംരക്ഷണ കവചം ഒരുക്കുകയാണ് ഉണ്ടായത് എന്നും പരാതിക്കാരി പറയുന്നു.
ഇപ്പോള്‍ മാനഹാനി കാരണം ജീവിക്കാന്‍ ആകുന്നില്ലെന്നും തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ ഉണ്ടായെന്നും ഇവര്‍ പറയുന്നു. അതേസമയം സത്യം തെളിയിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും വനിതാ നേതാവ് പറഞ്ഞു. താന്‍ നീതിക്കായി കാത്തിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *