നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ തടസങ്ങള്‍ നീക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി, ജലനിധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ച റോഡുകള്‍ ഉടനടി നന്നാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമഗ്ര കുടിവെള്ള പദ്ധതിക്കായി കരുളായിയില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും തീരുമാനമായി.
പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തി മാത്രം പൈപ്പ് ലൈനിനായി റോഡുകള്‍ കീറാനും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന മുറക്ക് തന്നെ റോഡ് നന്നാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി കീറുന്ന റോഡുകളില്‍ ജലനിധി, പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സെപ്തംബര്‍ 11, 12 തിയ്യതികളില്‍ സംയുക്ത പരിശോധന നടത്തും. കുടിവെള്ള പദ്ധികള്‍ക്കായി റോഡ് കീറി പ്രവൃത്തി നീട്ടികൊണ്ടുപോകുന്നതിലെ പ്രയാസം പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. കരാര്‍ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനായി കരാറുകാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജെയിംസ് (എടക്കര), തങ്കമ്മ നെടുമ്പടി (വഴിക്കടവ്), വിദ്യ രാജന്‍ (പോത്തുകല്‍), വല്‍സമ്മ സെബാസ്റ്റിയന്‍ (ചുങ്കത്തറ), കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേഷ്ബാബു, ഇ.എസ് സന്തോഷ് കുമാര്‍ വാട്ടര്‍ അഥോറിറ്റി പ്രൊജക്ട് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മലപ്പുറം, എം.കെ വിനോദ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ മലപ്പുറം, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ വൈ. നേഹ പി.എം.ജി.എസ്.വൈ മലപ്പുറം, ടി.പി ജമീല വാട്ടര്‍ അഥോറിറ്റി പി.എച്ച് സെക്ഷന്‍ മഞ്ചേരി, കെ.എസ് സജീവ് പി.ഡബ്യൂ.ഡി റോഡ് മഞ്ചേരി, അസി. എന്‍ജിനീയര്‍മാരായ സുജ വിജയന്‍ പി.എച്ച്. സെക്ഷന്‍ നിലമ്പൂര്‍, കെ. അഷ്‌റഫ് പ്രൊജക്ട് മലപ്പുറം, കെ. ഫിറോസ്, സി. അനീഷ് പി.ഡബ്യൂ.ഡി റോഡ്‌സ് നിലമ്പൂര്‍, കരുളായി വില്ലേജ് ഓഫീസര്‍ ടി.കെ സിന്ധു, ഫോറസ്റ്റ് ഓഫീസര്‍ പി. വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
