കണ്ണൂര്‍: : എഡിഎം നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയ പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് കോടതി ഉത്തരവില്‍ പറയുന്നു. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷണിക്കാത്ത പരിപാടിയിലേക്ക് ദിവ്യ എത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും വിധിപകര്‍പ്പിലുണ്ട്. ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി വ്യക്തമാക്കുന്നു. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *