വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ കടുത്ത ആശങ്ക വിതച്ച ‘അർണബ്’ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദ്ദമായി മാറി. തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് പൂർണ്ണമായും ദുർബലമാകുമെങ്കിലും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻ.ടി.ആർ, ഗുണ്ടൂർ, ശ്രീകാകുളം തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ 12 മണിക്കൂറിനിടെ 21 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയ വിശാഖപട്ടണത്താണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അർണബ് ചുഴലിക്കാറ്റ് വിതച്ച വൻ നാശനഷ്ടങ്ങളെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ ദുരന്താവസ്ഥ വിശദീകരിച്ചു. ചുഴലിക്കാറ്റിൽ 70,000 ഹെക്ടറിലധികം കൃഷിയിടങ്ങളും 10,500 ഹെക്ടറിലെ തോട്ടവിളകളും വെള്ളത്തിനടിയിലായതായി മുഖ്യമന്ത്രി അറിയിച്ചു. വീടുകൾക്കും റോഡുകൾക്കും ലൈനുകൾക്കും വ്യാപക തകരാർ സംഭവിച്ചിട്ടുണ്ട്.

നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ വൻ ആശ്വാസ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 25 കിലോ അരിയും വ്യക്തിയൊന്നിന് 1,000 രൂപ വീതവും നൽകും. നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും 50 കിലോ അരി, ഒരു കിലോ വീതം സവാള, പാചക എണ്ണ, പരിപ്പ് എന്നിവ ലഭിക്കും. ചുഴലിക്കാറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *