ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കാൻ ‘ഇന്ത്യ’ സഖ്യം. ഞായറാഴ്ച (നവംബർ 1) ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പൻ മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാർത്ഥി സംഘടനകളും അണിനിരക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പോലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ വിദ്യാർത്ഥികൾ തെരുവിലിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യ സഖ്യ നേതാക്കൾ യോഗം ചേർന്നു.

മഹാറാലിയിൽ പത്ത് ലക്ഷത്തോളം പേരെ പങ്കാളികളാക്കാനാണ് പ്രതിപക്ഷ മുന്നണിയുടെ നീക്കം. അയൽ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾക്കാണ് ആളുകളെ എത്തിക്കാനുള്ള ചുമതല. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, തെരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും റാലിയിൽ പ്രധാന മുദ്രാവാക്യമാകും. മഹാറാലിക്ക് മുന്നോടിയായി വെള്ളിയാഴ്ച (ഒക്‌ടോബർ 30) വൈകിട്ട് 3:30-ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഗ്യാനേഷ് കുമാറിനെതിരെ ‘മോക്ക് ഇംപീച്ച്‌മെന്റ്’ സംഘടിപ്പിക്കും. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാർ പ്രതീകാത്മക സ്പീക്കറാകുമെന്നും ഖാർഗെ പ്രമേയം അവതരിപ്പിക്കുമെന്നും ജോൺ ബ്രിട്ടാസ് എം.പി അറിയിച്ചു.

വോട്ട് തിരിമറിക്ക് ഇരയായവരും പ്രതിപക്ഷ കക്ഷി നേതാക്കളും സംസാരിച്ച ശേഷം രാഹുൽ ഗാന്ധി മറുപടി പ്രസംഗം നടത്തുകയും ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്യും. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഡൽഹിയിൽ 3,000 പോലീസുകാരെയും 10,000 അർദ്ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. ജന്തർ മന്തറിലേക്കും പാർലമെന്റിലേക്കും പ്രതിഷേധക്കാർ കടക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. അടിയന്തിര സാഹചര്യമുണ്ടായാൽ മുതിർന്ന നേതാക്കളെ സുരക്ഷിതമായി മാറ്റുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *