ഏതാനുംദിവസം മുൻപാണ് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ തന്റെ വിവാഹ മോചന വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് പറയുകയാണ് സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദനാ ഷാ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇരുവരും തമ്മിൽ അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പ്രണയത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേതും. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. എന്നാൽ, അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല, വന്ദനാ ഷാ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു വന്ദനയുടെ മറുപടി. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാം. ജീവനാംശം സംബന്ധിച്ച വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതിരുന്ന അഭിഭാഷക സൈറയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി.
റഹ്‌മാന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്: ഖദീജ, റഹീമ, അമീന്‍. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.