തൃശൂർ: വാടാനപ്പള്ളിയിൽ യുവാവിനെ അയൽവീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. എങ്ങണ്ടിയൂർ സ്വദേശി ജിതിൻ (26) ആണ് മരിച്ചത്. സംഭവത്തിൽ വാടാനപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ ബാഹ്യമായ ചതവുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. വിവരമറിഞ്ഞ് പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
