വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡിജിസിഐ. മാസ്‌ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന യാത്രക്കാര്‍ക്ക് എതിരെ പിഴ ചുമത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഐ നിര്‍ദേശം നല്‍കി.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഡിജിസിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡിജിസിഐ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ അടക്കമുള്ളവര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. മാസ്‌ക് കൃത്യമായാണോ വെച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും ഡിജിസിഐയുടെ നിര്‍ദേശത്തില്‍ പറയുന്നു.

നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഐ നിര്‍ദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പൊലീസിന്റെ സഹായം തേടണമെന്നും ഡിജിസിഐയുടെ നിര്‍ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 13ന് ഇറക്കിയ സര്‍ക്കുലറില്‍ തുടര്‍ച്ചയായി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പേരുകള്‍ കൈമാറാന്‍ ഡിജിസിഐ നിര്‍ദേശിച്ചിരുന്നു. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്താക്കാവുന്നതാണെന്നും ഡിജിസിഐ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *