കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകർക്ക് സസ്‌പെന്‍ഷൻ. കർണാടകയിലെ ഗദഗ് ജില്ലയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ക്കാണ് സസ്‌പെന്‍ഷന്‍. രണ്ട് കേന്ദ്രങ്ങളിലുമായി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സൂപ്രണ്ടുമാരുള്‍പ്പടെ ഏഴ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് മുസ്ലിം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. വിധിയ്‌ക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹിജാബ് നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിച്ചില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞത്.

കഴിഞ്ഞ ദിവസം ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *