മാമ്പുഴ തീരം സംരക്ഷിക്കുവാൻ ജൈവ പുതപ്പ് സ്ഥാപിക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ജൈവ വൈവിധ്യ ബോർഡ് സഹായവും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പ്രവൃത്തി നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 ലക്ഷം രൂപയും ജൈവ വൈവിധ്യ ബോർഡിൻ്റെ 3 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി 700 മീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം സ്ഥാപിച്ച് രാമച്ചം, ബാംബൂ, മാവിൻ തൈകൾ തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പുഴയുടെ സംരക്ഷണവും സൗന്ദര്യവും ഉറപ്പുവരുത്തുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ അതിർത്തി വരെ തുടർ പദ്ധതിയായി ഇത് നടത്തുന്നതിനും പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട് .

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി നിസാർ, പി കോയ, ടി.കെ അസീസ്, പഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക, ബി.എം.സി ജില്ലാ കോർഡിനേറ്റർ എൻ മഞ്ജു, കെ അഭിജേഷ്, സി സുരേഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത് സ്വാഗതവും വികസന സമിതി കൺവീനർ കെ അശോകൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *