കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.ബെനറ്റ് എബ്രഹാം സഭാ സെക്രട്ടറി ടി.ടി പ്രവീണ്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്. നേരത്തെ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്.സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തു. ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തി. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *