തിരുവനന്തപുരം: വയോധികയായ അമ്മയെ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി. അനസിൻ്റെതാണ് ഉത്തരവ്. 2021 മെയ് 4ന് ആണ് സംഭവം. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന റീത്തയെ (71) മകനായ തങ്കച്ചൻ റൂൾ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രായാധിക്യവും അസുഖങ്ങളും മൂലം അവശയായ മാതാവിന്റെ സംരക്ഷണം പ്രതിയുടെ തലയിലാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് കേസ്. സംഭവ ദിവസം വീടിനു പിന്നിലായി കെട്ടിയിരുന്ന ടാർപ്പായുടെ കീഴിൽ വച്ച് റീത്തയെ തങ്കച്ചൻ അടിക്കുന്നതും തല പിടിച്ച് ചുവരിൽ ഇടിക്കുന്നതും അയൽവാസികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

വീഡിയോ ചിത്രീകരിച്ചയാള്‍ ഉൾപ്പെടെ 21 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്‌തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. കഠിനംകുളം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലേക്ക് പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വേണി കെ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *