കാശ്മീരിലെ കുൽ​ഗാം ജില്ലയിൽ സെെനികനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. അവധിക്ക് നാട്ടിലെത്തിയ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സെെനികനായ ജാവേദ് അഹമദിനെയാണ് ശനിയാഴ്ച വെെകുന്നേരം മുതൽ കാണാതായത്.
ശനിയാഴ്ച വെെകീട്ട് 6.30-ഓടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. രാത്രി ഒമ്പത് മണിയായിട്ടും ജാവേദിനെ കാണാതായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

തുടർന്ന് മാർക്കറ്റിന് സമീപത്ത് നിന്ന് സെെനികന്റെ കാർ കണ്ടെത്തി. കാറിൽ രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ട് കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരിൽ ചിലരേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാവേദിന് വേണ്ടി സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സെെനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. മകനെ വിട്ടയക്കണമെന്ന് അപേക്ഷിച്ച് ജാവേദിന്റെ അമ്മ ഒരു വീഡിയോ പുറത്തുവിട്ടു. ‘ദയവായി ഞങ്ങളോട് ക്ഷമിക്കണം, എന്റെ ജാവേദിനെ വിട്ടയക്കൂ. ഇനി ഞാൻ അവനെ സൈന്യത്തിലേക്ക് അയക്കില്ല’, ജാവേദിന്റെ അമ്മ വീഡിയോയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *