ഡി എം കെ കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് കായികവകുപ്പു മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ് ഷാ, ബി.സി.സി.ഐ. സെക്രട്ടറി സ്ഥാനത്തെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉദയിനിധി ആരാഞ്ഞു.

തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പദയാത്ര രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡി.എം.കെയ്ക്കെതിരേ അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സ്റ്റാലിനും ഡി.എം.കെ. സഖ്യകക്ഷികളും കുടുംബാധിപത്യ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡി.എം.കെ. കുടുംബാധിപത്യ പാര്‍ട്ടിയാണെന്നുമായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

ചെന്നൈയില്‍ ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷായ്ക്ക് ഉദയനിധി മറുപടിനല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എം.എല്‍.എ. ആയതെന്നും അതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം ലഭിച്ചതെന്നും ഉദയനിധി പറഞ്ഞു.

അമിത് ഷാ പറഞ്ഞു, എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഞങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കളുടെ ലക്ഷ്യമെന്ന്. എന്നാല്‍ ഞാന്‍ അമിത് ഷായോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, നിങ്ങളുടെ മകന്‍ എങ്ങനെയാണ് ബി.സി.സി.ഐയുടെ സെക്രട്ടറിയായത്? എത്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ജയ് ഷാ കളിച്ചിട്ടുണ്ട്? എത്ര റണ്‍സ് എടുത്തിട്ടുണ്ട്?, ഉദയനിധി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *