മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിട്ടുതരാന്‍ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ വിലപേശി 5000 രൂപയില്‍ എത്തി. കുറച്ചു പണം നേരിട്ടും ബാക്കി പണം ഗൂഗിള്‍ പേ വഴിയുമാണ് വാങ്ങിയത്. പെരിന്തല്‍മണ്ണയിലെ സ്പായുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് പൊലീസുകാരന്‍ പണം വാങ്ങിയത്.

പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ രണ്ടുപേരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ വിപിന്‍ വാങ്ങിവെക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ചു തരണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞിട്ട് വരൂ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോഴാണ് ഫോണ്‍ വിട്ടുതരാന്‍ 25,000 രൂപ ആവശ്യപ്പെട്ടത്. പിന്നീട് വിലപേശല്‍ നടത്തി 5000 രൂപയിലേക്ക് എത്തി. 2000 രൂപ ആ സമയത്ത് തന്നെ നേരിട്ട് വാങ്ങി. ബാക്കി തുക തൊട്ടടുത്ത ദിവസം തന്നെ നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. പണം നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസുകാരന്‍ പരാതിക്കാരെ ബന്ധപ്പെടുകയും ഗൂഗിള്‍ പേ വഴി പണം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഒരു നമ്പര്‍ നല്‍കുകയും ചെയ്തു. ആ നമ്പറിലേക്ക് ബാക്കി വരുന്ന 3000 രൂപ ഇയാള്‍ അയച്ചു. പിന്നീട് പരാതിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പണം നല്‍കിയ നമ്പര്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്പായുടേതാണെന്ന് തിരിച്ചറിഞ്ഞത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സിപിഒ വിപിന്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി. വകുപ്പുതല അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. പണം അയച്ച സ്പായുമായി ബന്ധപ്പെട്ട് പൊലീസുകാരന് ചില ബന്ധങ്ങളുണ്ടെന്നും, ഈ സ്പാ ഇയാളുടെ ബിനാമിയായി പ്രവര്‍ത്തിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *