തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്സൈസ് മന്ത്രിയുടെ നിർദേശം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്പെൻഡ് ചെയ്തേക്കും. അഴിമതിക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റും.

കോട്ടയത്തെ എക്‌സൈസ് സ്‌ക്വാഡിലെ രണ്ട് ഉദ്യോഗസ്ഥരെയും ചങ്ങനാശേരി റേഞ്ചിലെ നാല് ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. രാത്രിയിൽ നടന്ന റെയ്ഡിൽ നിർണായക വിവരങ്ങൾ ശേഖരിച്ചുവെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു. വിജിലൻസിലേതടക്കം ജില്ലയിലെ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.

കോട്ടയം ജില്ലയിലെ ബാറുകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസംതോറും കൈക്കൂലി വാങ്ങിയ കേസിൽ നിർണായക വിവരങ്ങൾ മീഡിയവൺ പുറത്തുവിട്ടിരുന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ലക്ഷങ്ങളാണ് കൈക്കൂലിയായി ലഭിച്ചത്.

അശോക് കുമാറിന് ഒരു ബാറിൽ നിന്ന് പ്രതിമാസം 15,000 രൂപ വരെ ലഭിച്ചു. എക്സൈസ് ചങ്ങനാശ്ശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി തെളിവ് ലഭിച്ചു. ഉദ്യോഗസ്ഥർക്ക് വേണ്ടി മാസംതോറും പണപ്പിരിവ് നടത്തുന്നത് ചങ്ങനാശ്ശേരിയിലെ ബാറുടമയാണെന്നും കണ്ടെത്തി. പണം ഇടപാടിന്‍റെ വിവരങ്ങൾ ബാറുടമയിൽ നിന്ന് എക്സൈസിന് ലഭിച്ചു.

എക്സൈസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി മദ്യവും ബാറുടമകൾ നൽകുന്നുണ്ട്. മദ്യവും പണത്തിനു പുറമെയാണ് മദ്യവും നൽകുന്നത്. ഈ ഉദ്യോഗസ്ഥർ ബാറുകളിലെ നിത്യ സന്ദർശകരാണ്. ഉദ്യോഗസ്ഥർ ബാറുകളിൽ എത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *