ഏകദിന ക്രിക്കറ്റ് ലോകകപ്പിന് 5 ദിവസം മാത്രം ശേഷിക്കെ അന്തിമ ഇലവനെ കണ്ടെത്താനുള്ള തീവ്ര പ്രയത്നത്തിലാണ് ടീമുകളെല്ലാം. 15 അംഗ ലോകകപ്പ് സ്ക്വാഡിനെ എല്ലാ ടീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഇലവനെ കണ്ടെത്തുക.
ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ബാബർ അസം നയിക്കുന്ന പാക്കിസ്ഥാൻ ടീം ലോകകപ്പിനെത്തുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ ആർക്കും ഇന്ത്യയിൽ മത്സര പരിചയമില്ലെന്നതുൾപ്പടെ പാക്കിസ്ഥാൻ ടീമിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ഷദാബ് ഖാനെ മാറ്റിനിർത്തിയാൽ സ്പിൻ നിര ദുർബലമാണ്. ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന ബാറ്റിങ് നിരയുടെ ഫോമിലും പാക്കിസ്ഥാന് ആശങ്കയുണ്ട്. ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി എന്നിവരടങ്ങിയ പേസ് നിരയാണ് പാക്കിസ്ഥാന്റെ ശക്തി. 1992ൽ ചാംപ്യൻമാരായതാണ് ഏകദിന ലോകകപ്പിലെ ടീമിന്റെ മികച്ച പ്രകടനം.നിലവിൽ ഏകദിന റാങ്കിങിൽ 2ആം സ്ഥാനത്താണ്
2019ലെ ചാംപ്യൻമാരായ ഇംഗ്ലണ്ട് ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ജോസ് ബട്ലറിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ടിന്റെ പട ക്രീസിലിറങ്ങുക. ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് , സാം കറൻ, ലിയാം ലിവിങ്സ്റ്റൻ, മോയിൻ അലി എന്നീ ഓൾറൗണ്ടർമാരാണ് ഇംഗ്ലണ്ടിന്റെ കരുത്തെങ്കിൽ മാർക്ക് വുഡ് നയിക്കുന്ന പേസ് അറ്റാക്ക് താരതമ്യേന ദുർബലമാണ്. സ്പെഷലിസ്റ്റ് സ്പിന്നറായി ആദിൽ റഷീദ് മാത്രമാണ് ടീമിലുള്ളത്. ക്യാപ്റ്റൻ ജോസ് ബട്ലർ ഉൾപ്പടെ ഇംഗ്ലിഷ് ടോപ് ഓർഡറിലെ അഞ്ചിൽ 4 പേരും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ളവരാണ്. നിലവിൽ ഏകദിന റാങ്കിങിൽ അഞ്ചാമതാണ് ഇംഗ്ലണ്ട്.
കെയ്ൻ വില്യംസൻ, ഡെവൻ കോൺവേ, ടോം ലാതം എന്നിവരെ മാറ്റിനിർത്തിയാൽ അനുഭവസമ്പത്തുള്ള ബാറ്റർമാർ ടീമിലില്ലെന്നതാണ് ന്യൂസിലൻഡിന്റെ പ്രതിസന്ധി. ട്രന്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങിയ പേസ് അറ്റാക്കാണ് കെയ്ൻ വില്യംസൻ നയിക്കുന്ന ന്യൂസീലൻഡ് ടീമിന്റെ ശക്തി. മധ്യനിരയിൽ, റോസ് ടെയ്ലർ വിരമിച്ച ശേഷം ആങ്കർ റോളിൽ ഒരാളെ കണ്ടെത്താൻ കിവീസിനു സാധിച്ചിട്ടില്ല. സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവരുടെ പ്രകടനം നിർണായകമാകും.
ഏകദിന റാങ്കിങിൽ ആറാം സ്ഥാനത്തുള്ള ന്യൂസീലൻഡ്2015, 2019 വർഷങ്ങളിലെ ലോകകപ്പ്റണ്ണറപ് ആയ ടീമും ആയിരുന്നു
