മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര് നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിച്ചു. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍വര്‍ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.
അതിനിടെ പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് പോകുന്ന പിവി അന്‍വര്‍ ഇന്ന് കോഴിക്കോട് പൊതുയോഗത്തില്‍ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.