ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 151 ആയി.നൂറോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്.മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്.ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്.പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.വെറും നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്തവിധം തിങ്ങി ഞെരുങ്ങി നിറഞ്ഞത് ഒരുലക്ഷത്തിലധിക പേരെന്നാണ് വിവരം. ഇടുങ്ങിയ വഴിയിലെ തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് പോലും അപകട സ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.ഒരു ഭാഗത്ത് തിരക്കില്‍ അപകടമുണ്ടായപ്പോഴും ഇതറിയാതെ മറ്റൊരു ഭാഗത്ത് നൃത്തവും ആഘോഷങ്ങളും തുടരുകയായിരുന്നു. ഇതും ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. പ്രാദേശിക സമയം രാത്രി 10.30ന് ആണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിന് അടിയില്‍പ്പെട്ടാണ് നിരവധിപേര്‍ ചവിട്ടേറ്റും ശ്വാസംമുട്ടിയും മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *