സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും നിലവിൽ തുടരുന്ന സമരത്തിന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഇന്ന് അടിയന്തിരമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമാകുകയെന്നും ആശമാർ പറഞ്ഞു.

നിലവിൽ കൂട്ടിയ ഓണറേറിയം തുക 1000 വളരെ നേരിയ വർധനവാണ്. സർക്കാരിന് പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ വർധനവെങ്കിലും നടപ്പിലാക്കാൻ സർക്കാർ നിർബന്ധിക്കപ്പെട്ടത്. ഇത് ആശമാർ പൊരുതിനേടിയ വിജയമാണെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും എസ് മിനി പറഞ്ഞു.

അതേസമയം, ഫെബ്രുവരി 10 ന് ആരംഭിച്ച സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് 264-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് ആയിരം രൂപയുടെ വർധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത്.

1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആദ്യ പ്രതികരണം.വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക പെൻഷൻ നൽകുക തുടങ്ങിയ സമര ആവശ്യങ്ങളും സർക്കാർ പരിഗണിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലവിലെ തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്ന് സമരമവസാനിപ്പിച്ച് മറ്റ് സമര രീതികൾ സ്വീകരിക്കുമോ എന്ന കാര്യത്തിലും ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വ്യക്തത ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *