കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരായ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മമ്മൂട്ടിക്കൊപ്പം ചിത്രം പങ്കുവെച്ചാല്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നും വിവാദമല്ല സംവാദമാണ് നമുക്ക് ആവശ്യമെന്നും ചിന്ത ജെറോം പറഞ്ഞു.

‘ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ലീഡര്‍ഷിപ്പുമായി മമ്മൂട്ടി ഏറ്റവും ആഴത്തിലുള്ള ചര്‍ച്ചയാണ് നടത്തിയത്. മൂന്നര മണിക്കൂറോളം കടവന്ത്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയവും രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെയ്ക്കുന്നതിനൊപ്പം ഞങ്ങള്‍ക്ക് പറയാനുള്ളതും കേട്ടു. പുതിയ തലമുറ എങ്ങനെയാണ് രാഷ്ട്രീയത്തെയും സമരങ്ങളെയും പുതിയ വിഷയങ്ങളെയും കാണുന്നത് എന്നതടക്കം പ്രൊഡക്ടീവ് ആയ ചര്‍ച്ചയാണ് നടന്നത്. ഏറ്റവും നല്ല ക്വാളിറ്റി ടൈം ആയിട്ടാണ് കൂടിക്കാഴ്ചയെ സംഘടനകള്‍ കാണുന്നത്. ഇത് ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം കൂടിയാണ്’, ചിന്ത ജെറോം വ്യക്തമാക്കി.

മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരവും പൊതുസ്വത്തുമാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനേയും ഏതെങ്കിലും പ്രത്യേക ചട്ടക്കൂടിനുള്ളില്‍ ഒതുക്കിനിര്‍ത്തേണ്ടതില്ല. ഏതെങ്കിലും സംഭവത്തിന്റെ പേരില്‍, ഇന്നലെകളില്‍ അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാടുകളൊന്നും റദ്ദ് ചെയ്യപ്പെടുന്നില്ല. സാമൂഹിക പ്രവര്‍ത്തന മേഖലയ്ക്ക് അകത്ത് അദ്ദേഹത്തിന്റെ നിരവധിയായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും നിലപാടുകള്‍ ശ്രദ്ധേയമായി. ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ പ്രതിഭകളെ വിലയിരുത്തരുത്. ദീര്‍ഘകാലമായി മുന്നോട്ടുവെച്ച കാര്യങ്ങളെയാണ് നോക്കേണ്ടത്. ആദരവോടെയും ബഹുമാനത്തോടെയുമാണ് മമ്മൂട്ടിയെ കാണുന്നതെന്നും ചിന്ത ജെറോം പറഞ്ഞു.

ഇന്നലെയാണ് മമ്മൂട്ടിയുമായുള്ള ചിത്രം പങ്കുവെച്ച സിപിഐഎം യുവ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഇടത് സൈബര്‍ അണികള്‍ രംഗത്ത് വന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ചിന്ത ജെറോം, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനവുമായി സിപിഐഎം സൈബര്‍ അണികള്‍ തന്നെ രംഗത്ത് വന്നത്. പലരും സോഷ്യല്‍ മീഡിയ പേജുകളില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. മമ്മൂട്ടി കെ റഫീഖിനെ അപമാനിച്ചത് മരണം വരെ മറക്കില്ല എന്നതടക്കമുള്ള ക്യാപ്ഷനുകളാണ് സൈബര്‍ അണികള്‍ പങ്കുവെച്ചിരുന്നത്. സമരകാലത്ത് ഒരക്ഷരം കൊണ്ട് പോലും ഐക്യപ്പെടാത്ത ആളാണ് മമ്മൂട്ടിയെന്നും അങ്ങനെയുള്ള ആളോടൊപ്പം ഫോട്ടോ എടുക്കാന്‍ ചില്ലറ തൊലിക്കട്ടി പോര എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ തന്നെ ഉന്നയിച്ചിരുന്നു. വെറുതെ സൈബര്‍ സഖാക്കളെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പും നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *