കായികതാരങ്ങളുടെ വേഗവും കരുത്തും ട്രാക്കിലും ഫീൽഡിലും മാറ്റുരച്ച കായികമേളയുടെ വേദിയിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാറും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും സന്ദർശനം നടത്തി. ട്രാക്ക്, ഫീൽഡ് ഇനങ്ങളിലെ മത്സരങ്ങൾ ഇരുവരും ട്രാക്കിലൂടെ നടന്ന് നേരിൽ കണ്ടു.
സീനിയർ ബോയ്സ് വിഭാഗം 800 മീറ്ററിലെ വിജയികൾക്ക് റവന്യൂ മന്ത്രി മെഡലുകൾ സമ്മാനിച്ച് അഭിനന്ദിച്ചു. ഇരു മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു മെഡൽ നൽകിയത്.
മേളയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണശാലയും മന്ത്രിമാർ സന്ദർശിച്ചു.
മേളയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച ടെക്നിക്കൽ ജീവനക്കാരിൽ, സേവനത്തിൽനിന്ന് വിരമിക്കുന്നവരെയും മധുരം പങ്കിട്ട് അനുമോദിച്ചു.
താരങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി കെ.എം. സി.ടി. മെഡിക്കൽ ടീമും ആയുർവേദ ടീമും മേളയിൽ സജ്ജരായിരുന്നു. ഇരു ടീമുകളെയും സന്ദർശിച്ച മന്ത്രിമാർ, സംസ്ഥാന സ്കൂൾ കായികമേള കാണാനെത്തിയ കുട്ടികളുമായും മേളയുടെ ദിനങ്ങളിലുടനീളം സേവനമനുഷ്ഠിച്ച വളണ്ടിയർമാരുമായും സംവദിച്ചു.
രാവിലെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിക്കും മേളയിൽ വിവിധ സംഘാടക സമിതി അംഗങ്ങളെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും സന്ദർശിച്ച് മേളയുടെ നടത്തിപ്പ് വിലയിരുത്തിയിരുന്നു.
