ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപിൽ യു.എസ്. സൈനികവിമാനം തകർന്നുവീണ് ഒരു വ്യോമസേന ഉദ്യോഗസ്ഥൻ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്‌പ്രേ വിഭാഗത്തിൽപ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലിൽ തകർന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം.അപകടത്തിൽപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാൻ കോസ്റ്റ്ഗാർഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22ബി ഓസ്‌പ്രേ വിമാനത്തിൽ യൊക്കോത്തയിലെ എയർ ബെയ്‌സിൽ നിന്ന് പരിശീലന പറക്കൽ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷൻസ് തലവൻ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വിമാനങ്ങളുടെയും ആറ് കപ്പലുകളുടെയും സഹായത്തോടെയുള്ള തിരച്ചിൽ ബുധനാഴ്ച രാത്രി മുഴുവൻ നടത്തിയതായി ജപ്പാൻ കോസ്റ്റ്ഗാർഡ് വക്താവ് വ്യാഴാഴ്ച അറിയിച്ചു. കടലിൽ പൊന്തിക്കിടക്കുന്ന ലൈഫ് ജാക്കറ്റുടെയും മറ്റും ചിത്രങ്ങൾ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടു. പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.സുരക്ഷ ഉറപ്പാക്കുന്നതുവരെ രാജ്യത്തെ ഓസ്‌പ്രേ വിമാനങ്ങളുടെ പറക്കൽ നിർത്തിവെക്കാൻ അമേരിക്കയോട് അഭ്യർഥിച്ചതായി ജപ്പാൻ പ്രതിരോധമന്ത്രി മിനോരു കിഹാര അറിയിച്ചു. നേരത്തെ, ആഗസ്റ്റിൽ വടക്കൻ ആസ്‌ട്രേലിയയിൽ ഉണ്ടായ അപകടത്തിൽ മൂന്നും കഴിഞ്ഞ വർഷം നാറ്റോയുടെ പരിശീലനത്തിനിടെ നോർവേയിൽ ഓസ്‌പ്രേ എം.വി 22ബി വിമാനം തകർന്ന് നാലും യു.എസ് നാവികർ മരിച്ചിരുന്നു. 2017-ൽ ഓസ്ട്രലിയയുടെ വടക്കൻ തീരത്ത് ഓസ്‌പ്രേ വിമാനം തകർന്ന് മൂന്ന് നാവികർക്കും ജീവൻ നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *