തിരുവനന്തപുരം: ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനായില്ല. സ്‌കാനിങ്ങിന് ശേഷമുള്ള വിവരങ്ങള്‍ ലാബ് അധികൃതര്‍ കളഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
അതേസമയം, ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധസംഘം. പൂര്‍ണ റിപ്പോര്‍ട്ട് തിങ്കളാഴ്ച മന്ത്രിക്ക് സമര്‍പ്പിക്കും.
അന്വേഷണത്തിന് രണ്ട് സമിതികള്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടിരുന്നു. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിക്കും അന്വേഷണ ചുമതല. കേസിലെ തെളിവുകള്‍ ശേഖരിക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.