ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്കിത് സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വർഷം . ആദ്യ ഇന്നിംഗ്‌സിൽ 35ഉം രണ്ടാം ഇന്നിംഗ്‌സിൽ 18ഉം മായിരുന്നു ഈ വ‍ർഷത്തെ അവസാന ടെസ്റ്റായ സെ‌ഞ്ചൂറിയനിൽ കോഹ്‌ലിയുടെ സമ്പാദ്യം. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോഹ്‌ലിയുടെ അവസാന രാജ്യാന്തര ശതകം.

മൂന്നക്കം കണ്ടെത്താന്‍ കഴിയാതെ കിതയ്‌ക്കുമ്പോഴും കോലിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്.

‘വിരാട് ഏറെ റണ്‍സ് കണ്ടെത്തിയിട്ടുള്ള ഷോട്ടാണ് ഡ്രൈവുകള്‍. കോലിയുടെ റണ്‍ സ്‌കോറിംഗ് ഷോട്ടാണത്. കോലിക്ക് എക്കാലത്തും കരുത്തായ ആ ഷോട്ട് ഇപ്പോള്‍ ന്യൂനതയായിരിക്കുന്നു. ഒരു ഷോട്ട് കളിക്കാതിരുന്നാല്‍ ഒരിക്കല്‍പ്പോലും അത് പിന്നീട് കളിക്കാനാവില്ല. ഒരിക്കലും റണ്‍സ് കണ്ടെത്താനുമാവില്ല. ഡ്രൈവ് ഷോട്ടുകള്‍ കളിക്കുന്നത് കോലി തുടരണം, എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പന്തുകള്‍ തെരഞ്ഞെടുക്കണം’വിക്രം റാത്തോട് പറഞ്ഞു. ഓഫ് സ്റ്റംപിലും പുറത്തും വരുന്ന പന്തുകളില്‍ കോലി പുറത്താവുന്നത് പതിവായത് വലിയ വിമര്‍ശനം നേരിടുമ്പോഴാണ് റാത്തോഡിന്‍റെ പിന്തുണ.

വിരാടിന് പുറമെ ഫോമിലെത്താന്‍ കഷ്‌ടപ്പെടുന്ന ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയേയും റാത്തോഡ് പിന്തുണച്ചു. ‘ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും . രഹാനെ മികച്ച ടച്ചിലാണെങ്കിലും അപ്രതീക്ഷിതമായി പുറത്തായതാണെന്നും കോച്ച് പറഞ്ഞു.
. ടീമിനായി മുമ്പ് ഗംഭീര ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ച താരമാണ് പൂജാര. വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളിലായിരുന്നു ആ ഇന്നിംഗ്‌സുകള്‍. അത്രയധികം പേരൊന്നും ഇത്തരം സാഹചര്യങ്ങളില്‍ റണ്‍സ് കണ്ടെത്തിയിട്ടില്ല. ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്’ എന്നും റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

വിരാടിനിത്‌ കരിയറിലെ ഏറ്റവും മോശം വർഷമാണ് . ഈ വര്‍ഷം 11 ടെസ്റ്റുകളില്‍ 28.21 ശരാശരിയില്‍ 536 റൺസ് മാത്രമേ നേടാനായുള്ളൂ .

ടെസ്റ്റ് കരിയറില്‍ 98 മത്സരങ്ങളില്‍ 27 സെഞ്ചുറികളും ഏഴ് ഇരട്ട സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും സഹിതം 50.35 ശരാശരിയില്‍ 7854 റണ്‍സുണ്ട് . 254 ആണ് ഉയര്‍ന്ന സ്‌കോര്‍. എങ്കിലും മൂന്നക്കം കാണാന്‍ രണ്ട് വര്‍ഷമായികഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *