മുംബൈ: കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ച് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പൂനെയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളം ഒരു മിനി പാകിസ്ഥാനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ ഭീകരരും അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് റാണെ. നേരത്തെയും നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.
നിതീഷ് റാണെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയാണ് കേരളത്തെ അടച്ചാക്ഷേപിച്ചത്. നിതീഷ് റാണെ ഭരണഘടനയെയാണ് അധിക്ഷേപിച്ചിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പ്രതികരിച്ചു. എന്‍സിപി ശരദ് പവാര്‍ പക്ഷവും മന്ത്രിക്കെതിരെ രംഗത്തെത്തി.