തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐ.ടി കമ്പനികളില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. കണ്ടെയ്‌നര്‍ ലോറികളില്‍ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായാണ് തൃശൂര്‍ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചതെന്നും അവിടെനിന്ന് രണ്ട് ആംബുലന്‍സുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിയെന്നും കര്‍ണാടകയില്‍ ഈ പണം നിക്ഷേപിച്ചെന്നും അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകള്‍ പരിശോധിക്കണമെന്നും മാസത്തില്‍ മൂന്ന് തവണയെങ്കിലും അദ്ദേഹം ബംഗളൂരുവില്‍ പോയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
പദ്ധതി നടപ്പായിരുന്നെങ്കില്‍ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. കേരളത്തില്‍ അടിസ്ഥാന സൗകര്യം വര്‍ധിച്ചാല്‍ കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവര്‍ മനസ്സിലാക്കിയതോടെ കോണ്‍ഗ്രസിനെ കൂടെനിര്‍ത്തി സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തു. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി. സതീശനെ ഏല്‍പ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് കിട്ടിയ ഓഫര്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.