മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നെല്ലിക്കുത്ത് സ്വദേശി ഷംസീർ അറസ്റ്റിലായി. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.മജീദും ഷുഹൈബും ജലീലിന്റെ വാഹനത്തെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.

കൂടെയുള്ളവരുടെ മൊഴി അനുസരിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചാണ് ജലീലിനെ കൊലപ്പെടുത്തിയത് . വാഹനത്തിന്റെ ലൈറ്റ് അണക്കാത്തതും സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു.മൂർച്ചയേറിയ ആയുധം കൊണ്ട് ജലീലിന്റെ തലയോട്ടി തകർന്നതായി റിപ്പോർട്ടുണ്ട്. ജലീലിനെ രണ്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.

പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗൺസിലറായിരുന്നു. ജലീലിന്റെ നിര്യാണത്തെ തുടർന്ന് ന​ഗരസഭയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *