കോവിഡിന്റെ ഡെൽറ്റ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും റിപ്പോര്‍ട്ട്. അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിലെ വിദഗ്ദരെ ഉദ്ധരിച്ച് യുഎസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന് സ്വീകരിച്ചവരിലും അല്ലാത്തവരിലും ഡെല്‍റ്റ വകഭേദം ഒരുപോലെ പടരുമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രെവെൻഷന്റെ രേഖകൾ പുറത്തുവിട്ട് ദി വാഷിംഗ്ടൺ പോസ്റ്റ് പത്രം വ്യക്തമാക്കുന്നു.ഇതിന്റെ കൂടി ഭാഗമായാണ് അമേരിക്കയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ മാസ്ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ ശക്തമാക്കിയിരുന്നു.
ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മെർസ്, സാർസ്, എബോള തുടങ്ങിയ രോഗങ്ങളെക്കാൾ രോഗവ്യാപന ശേഷി ഡെൽറ്റ വകഭേദത്തിനുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കുന്നു. ആഴ്ചതോറും അമേരിക്കയിലെ വാക്സിനെടുത്ത 35,000 പേരിൽ രോഗലക്ഷണങ്ങളോടെ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ട്. യഥാർത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാല്‍ വാക്സിനുകൾ ഗുരുതര രോഗബാധ ഒഴിവാക്കാൻ സഹായിക്കുമെന്നും രോഗപ്പകർച്ച തടയാൻ വാക്സിന് പരിമിതിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
