മുതലപൊഴിയെ അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാത്തതില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട്‌സ് അധികൃതര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. പൊഴിയില്‍ തകര്‍ന്നുവീണ കല്ലും മണലും നീക്കാന്‍ അദാനി ഗ്രൂപ്പിന് നിര്‍ദേശവും നല്‍കി. പ്രദേശത്തെ അപകടങ്ങളുടെ പശ്ചാതലത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്‌സ് അധികൃതരുമായും മത്സ്യത്തൊഴിലാളി സംഘടനകളുമായും മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് പ്രതികരണം. മഴ കാരണമാണ് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.
മുതലപ്പൊഴിയെ ഏറ്റവുംവേഗം അപകടരഹിതമായ ഹാര്‍ബറാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപ്പാക്കാത്ത പക്ഷം സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പിനെ അറിയിച്ചു.

ലോങ് ബൂം ക്രെയിന്‍ എത്തിച്ച് മുതലപ്പൊഴിയില്‍ കെട്ടിക്കിടക്കുന്ന പാറകള്‍ മാറ്റുമെന്നും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണല്‍ നീക്കം ചെയ്യുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ പ്രവൃത്തികള്‍ ചൊവ്വാഴ്ചതന്നെ ആരംഭിക്കുമെന്നും അദാനി ഉറപ്പുനല്‍കിയതായി മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുന്നതോടെ ഡ്രഡ്ജര്‍ എത്തിച്ച് കല്ലും മണലും നീക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കി. ഹാര്‍ബറിങ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ പൂര്‍ണമായ പിന്തുണയോടെയായിരിക്കും പ്രവൃത്തികള്‍ പുരോഗമിക്കുക.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എട്ടുമണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റില്‍ പത്തുവീതം ഡൈവിങ് വിദഗ്ധരെ മുതലപ്പൊഴിയില്‍ നിയമിക്കാനും തീരുമാനിച്ചു. 24 മണിക്കൂറില്‍ 30 പേര്‍ എന്ന കണക്കിലാണ് നിയമനം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട ആളുകളെത്തന്നെയാണ് ഇതിനായി നിയോഗിക്കുക. കൂടാതെ രക്ഷാ പ്രവര്‍ത്തനത്തിനായി മൂന്ന് ബോട്ടുകള്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ അനുവദിക്കുകയും ആറ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. മുതലപ്പൊഴിയിലേക്കുള്ള വഴിനിര്‍മാണവും നടത്തും. ഇക്കാര്യങ്ങള്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച ചെയ്‌തെന്നും അവര്‍ ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചു.

മുതലപ്പൊഴി ഹാര്‍ബര്‍ അടയ്‌ക്കേണ്ടതില്ല എന്നതാണ് മത്സ്യത്തൊഴിലാളികളുമായും വിവിധ ട്രേഡ് യൂണിയനുകളുമായും വിവിധ രാഷ്ട്രീയസംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിലപാട്. പ്രദേശത്ത് സാന്‍ഡ് ബൈപാസിങ് സ്ഥാപിക്കാന്‍ ഇവരുമായി നടത്തിയ ചര്‍ച്ചയിലൂടെ തീരുമാനിച്ചിട്ടുണ്ട്. സി.ഡബ്ല്യൂ.പി.ആര്‍.എസിന്റെ മുതലപ്പൊഴിയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ ലഭിക്കുമെന്നും അതടിസ്ഥാനത്തില്‍ നിര്‍മാണത്തിലെ അപാകമാണ് അപകടങ്ങള്‍ക്ക് കാരണമെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

മുതലപ്പൊഴിയില്‍ അപകടത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *