വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം. 2019ൽ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്. അത്യസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളെ കേരളം കുറെ കൂടി ഗൗരവത്തോടെ കരുതിയിരിക്കണം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറുകയാണ് മുണ്ടക്കൈയിലുണ്ടായത്. ആഴ്ചകളോളം നീണ്ട ശക്തമായ മഴയാണ് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കിയത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ദുരന്ത പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. എന്നാൽ തൊട്ട് അടുത്ത മഴ മാപിനികളിൽ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് ശക്തമായ മഴയാണ്.ദുരന്തം ഉണ്ടായ ചൊവാഴ്ച, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വൈത്തിരി മാനുവൽ സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 280 മി.മീ മഴയാണ്. കുപ്പാടിയിൽ 122.7 മി.മീ മഴയും, മാനന്തവാടിയിൽ 204 മി.മീ മഴയും, അമ്പലവയലിൽ 142.2 മി.മീ മഴയും കാരപ്പുഴ എഡബ്ല്യുഎസ് സ്റ്റേഷനിൽ 142 മി.മീ മഴയും കുപ്പാടി എഡബ്ല്യുഎസ് സ്റ്റേഷനിൽ 102 മി.മീ മഴയും റിപോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശിക മഴ മാപിനിയിൽ വയനാട് പുത്തുമലയിൽ 372 മി.മീ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ കേരളം കണ്ട ദിവസമായിരുന്നു മുണ്ടക്കൈയിൽ ദുരന്തം ഉണ്ടായത്. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന മണ്ണിലേക്ക് വീണ്ടും അതിശക്തമായ മഴ പെയ്താതാണ് ഉരുൾപൊട്ടലിന് ഇടയാക്കിയത്. സാധാരണ ഒരാഴ്ചയിൽ കിട്ടേണ്ടതിനേക്കാൾ 50 ശതമാനത്തോളം അധികം മഴയാണ് വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. കുറെ കൂടി കനമുള്ള മേഘങ്ങൾ രൂപപ്പെട്ടതോടെ തിങ്കളാഴ്ച ദുരന്തം പെയ്തിറങ്ങി.നാഷണൽ റിമോട്ട് സെൻസിങ് സെന്റർ പട്ടിക അനുസരിച്ച് ഉരുൾപൊട്ടൽ ദുരന്ത ആഘാത സാധ്യതാ പട്ടികയിൽ 13ആമതാണ് വയനാടുള്ളത്. ഉരുൾപൊട്ടൽ ഉണ്ടായാൽ ഏറ്റവും കടുത്ത ആഘാതം ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശമാണ് വയനാട്. നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ കണക്കിലും ഉരുൾപൊട്ടൽ സാധ്യത അധികമായ പ്രദേശങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ മലയോര മേഖല ആകെയുണ്ട്. പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴയെ മാത്രമല്ല, തുടർച്ചയായി പെയ്യുന്ന മഴയെയും കേരളം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *