പിഎം ശ്രീ പദ്ധതിയില്‍ വീണ്ടും യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.

പിഎം ശ്രീ ധാരണാ പത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് ആലോചന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

സിലബസില്‍ കേന്ദ്ര ഇടപെടല്‍ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. സംസ്ഥാന സിലബസില്‍ കേന്ദ്രത്തെ കൈകടത്താന്‍ അനുവദിക്കരുത് എന്നാണ് യുഡിഎഫില്‍ പൊതുവികാരം. 265 സ്‌കൂളുകളില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്‌കൂളുകളില്‍ മറ്റു സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *