തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ട ഗവേഷക വിദ്യാർഥി വിപിൻ വിജയന് ആശ്വാസം. വിപിന് പിഎച്ച്ഡി നൽകാൻ അക്കാദമിക് ആന്‍ഡ് റിസർച്ച് കമ്മിറ്റി ശുപാർശ ചെയ്തു. അടുത്ത മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗം അന്തിമ അംഗീകാരം നൽകും. വിപിൻ വിജയന്റെ പ്രബന്ധത്തിൽ പിഴവുകൾ ഉണ്ടെന്നും, പിഎച്ച്ഡി നൽകരുതെന്നും സംസ്കൃത വിഭാഗം ഡീൻ ഡോ. സി.എൻ വിജയകുമാരി വിസിക്ക് കത്ത് നൽകിയതാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ ഡോ. വിജയകുമാരിയിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടിരുന്നതായും വ്യക്തിവൈരാഗ്യം മൂലമാണ് തനിക്ക് പിഎച്ച്ഡി അനുവദിക്കരുതെന്ന് ശുപാർശ ചെയ്തതെന്നും വിപിൻ പരാതി നൽകിയിരുന്നു.

വിപിൻ വിജയന്‍

സംസ്കൃത വിഭാഗം ഡീൻ ഡോ. സി. എൻ. വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നായിരുന്നു വിപിൻ വിജയന്റെ ആരോപണം. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്നും, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിൻ്റെ മഹിമ നശിച്ചുവെന്നും വിജയകുമാരി പറഞ്ഞു. വിപിനെപ്പോലുള്ള നീചജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ലെന്നും വിജയകുമാരി പറഞ്ഞിട്ടുണ്ട്. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപിൻ പൊലീസിലും വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *