തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ പരാമര്‍ശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്ട്രപതി വരെ ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരാം. പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അന്യപുരുഷന്മാര്‍ക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ സ്ത്രീ വിരുദ്ധ പരാമര്‍ശം. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാന്‍ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകും. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാര്‍ക്കിടയില്‍ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. തന്റെ പരാമര്‍ശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമര്‍ശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകള്‍ ചോദ്യം ചെയ്യാറുണ്ട്. എന്നാല്‍ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാല്‍ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *