തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ. കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല. കൈയിലെ അണുബാധയും ക്യാൻസറും തമ്മിൽ ബന്ധമില്ല. ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചു. രക്ത കോശങ്ങളെ ബാധിച്ചു. അത് അണുബാധയ്ക്ക് കാരണമായെന്നാണ് പത്തോളജി ലാബ് റിപ്പോർട്ട്.
9 മാസം പ്രായമുള്ള വിധാൻ വിഷ്ണുവിന്റെ മാതാപിതാക്കളാണ് പരാതിക്കാർ. ലുക്കിമിയ സ്ഥിരീകരിച്ചതോടെ കീമോ തെറാപ്പിക്കായാണ് തിരുവനന്തപുരം ആർസിസിയിൽ എത്തുന്നത്. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫുകളുടെ അശ്രദ്ധ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയെന്ന് മാതാപിതാക്കൾ പറയുന്നു. അണുവിമുക്തമാക്കാതെ ക്യാനുലയിട്ടെന്നും, തുടർന്ന് നീരുവച്ച കയ്യിൽ തന്നെ രക്തസമ്മർദ്ദ പരിശോധന നടത്തിയെന്നും ആക്ഷേപമുണ്ട്. പിന്നീട് ആർസിസി ഡയറക്ടർക്ക് പിതാവ് വിഷ്ണു വിജയൻ പരാതി നൽകിയതോടെയാണ് ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നത്. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കാൻ 9 ദിവസത്തെ കാലതാമസമുണ്ടായെന്നും പരാതിയുണ്ട്.
ക്യാൻസർ രോഗബാധയല്ല കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാകാനുള്ള കാരണം എന്നാണ് മാതാപിതാക്കളുടെ വാദം. ചികിത്സപ്പിഴവിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ആർസിസി ഡയറക്ടർക്കും പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. അതേസമയം പരാതി അന്വേഷിക്കുന്നുവെന്ന് ആർസിസി ഡയറക്ടറും വ്യക്തമാക്കി. ലുക്കിമിയ രോഗബാധ മൂലമുള്ള മെഡിക്കൽ കണ്ടീഷനാണോയെന്നും പരിശോധിക്കുന്നുണ്ട്.
