സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുമ്രയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗല്‍ ശ്രീനാഥ്

ഒപ്പം കളിച്ചവരും നേരില്‍ക്കണ്ടവരുമായ താരങ്ങളില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍ ബുമ്രയാണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.

‘ഞാന്‍ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്‌ത ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് ജസ്‌പ്രീത് ബുമ്രയാണ്. തീര്‍ച്ചയായും എന്നേക്കാളും ഉയരത്തില്‍. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാള്‍ ഓഫ് ഫെയ്‌മിലും ഉള്‍ക്കൊള്ളിക്കാന്‍ അനുയോജ്യനായ താരമാണ്. ഇന്‍-സ്വിങറുകള്‍, ലെഗ് കട്ടറുകള്‍, ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, സ്ലോ കട്ടറുകള്‍ എല്ലാം ബുമ്രയുടെ ആയുധശാലയിലുണ്ട്. ബുമ്രയുടെ ബൗളിംഗ് കാണുന്നത് സന്തോഷമാണ്’ എന്നും ജവഗല്‍ ശ്രീനാഥ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

‘വെസ്റ്റ് ഇന്‍ഡീസില്‍ ബുമ്ര വിന്‍ഡീസ് ബൗളറെ പോലെ തോന്നിച്ചു. ദക്ഷിണാഫ്രിക്കയില്‍ പ്രോട്ടീസ് താരത്തെ പോലെ പന്തെറിഞ്ഞു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അങ്ങനെതന്നെയായിരുന്നു. ഓരോ രാജ്യത്തെയും സാഹചര്യത്തിന് അനുസരിച്ചാണ് ലൈനും ലെങ്‌തും ആംഗിളും പന്ത് റിലീസ് ചെയ്യലും പന്തിന്‍റെ രീതിയുമെല്ലാം. ഏറെക്കാലമായി ഒരു രാജ്യത്ത് കളിക്കുന്ന താരത്തെ പോലെയാണ് ബുമ്ര അവിടെ പന്തെറിയുന്നത്’ എന്ന് ശ്രീനാഥ് കൂട്ടിച്ചേർത്തു.

2021ൽ ഇതിഹാസ താരം കപില്‍ ദേവിനെ പിന്നാലാക്കി ജസ്‌പ്രീത് ബുമ്ര 100 ടെസ്റ്റ് വിക്കറ്റുകള്‍ വേഗത്തില്‍ തികയ്‌ക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിനുടമയായി . ഇന്നലെ അവസാനിച്ച സെഞ്ചൂറിയന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി വിദേശത്ത് 100 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്‌ക്കാനും ബുമ്രക്കായി.

Leave a Reply

Your email address will not be published. Required fields are marked *