നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന് ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാർ പെണ്‍കുട്ടികളുടെ അമ്മ.യുഡിഎഫ് അടക്കമുള്ള ആരുടേയും പിന്തുണ സ്വീകരിക്കും, എന്നാല്‍ മത്സരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടും ഈ നിമിഷം വരെ എന്റെ മക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അമ്മ മാധ്യമങ്ങളോട്. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധ്യതയുണ്ടെന്നും അമ്മ ചോദിക്കുന്നു.

വാളയാര്‍ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വാളയാര്‍ കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മല്‍സരിക്കുന്നത്. തനിക്ക് രണ്ട് മക്കളെയാണ് നഷ്ടപ്പെട്ടതെന്നും മൂത്തമകളുടെ കേസ് മാത്രമാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടതെന്നും അമ്മപറഞ്ഞു . വാളയാര്‍ കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ധര്‍മ്മടത്ത് കെ.സുധാകരന്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്‌ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നുമാണ് വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞത്.

വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.തിങ്കളാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ധര്‍മ്മടം.

Leave a Reply

Your email address will not be published. Required fields are marked *