കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു.ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം പരിശോധിക്കുന്നതാണ് ഹൈഡ്രോഗ്രാഫിക് പരിശോധന. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്നാണ് ഗോവൻ തുറമുഖ വകുപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരമാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ടഗ് ബോട്ടിന് സഞ്ചരിക്കാനുള്ള റൂട്ട് തയ്യാറാക്കിയിട്ടുണ്ട്. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാനുള്ള 96 ലക്ഷം രൂപ ചെലവ് വരുമെന്നും ജില്ലാ ഭരണകൂടം കോടതിയെ അറിയിക്കും. ഈ പണം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നോ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്നോ ആണ് ഈ തുക ചെലവഴിക്കാനാകുക.

Leave a Reply

Your email address will not be published. Required fields are marked *