ഈ സീസണില്‍ ഇന്റര്‍മിലാനില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലെത്തിയ മൊറോക്കന്‍ താരം അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റ മത്സരത്തില്‍ കൂക്കിവിളിച്ച് പി.എസ്.ജി. ആരാധകര്‍. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഹക്കീമി പാലസ്തീന് പിന്തുണ നല്‍കിയതാണ് പി.എസ്.ജി. ആരാധകരെ പ്രകോപിപ്പിച്ചത്.
ഇന്നലെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടന്ന ലില്ലെയ്ക്കെതിരായ ഫ്രഞ്ച് സൂപ്പര്‍ കപ്പ് മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. ഹക്കീമി പന്തു തൊടുമ്പോഴെല്ലാം ഗാലറിയില്‍ നിന്നു കൂവല്‍ ഉയരുകയായിരുന്നു.
മത്സരത്തില്‍ സെക്ക നേടിയ ഏക ഗോളില്‍ ലില്ലെ പി.എസ്.ജിയെ തോല്‍പിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണ്‍ ഒടുവിലാണ് വമ്പന്‍ തുകയ്ക്ക് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനില്‍ നിന്ന് ഹക്കീമിയെ പി.എസ്.ജി. സ്വന്തമാക്കിയത്.