കോഴിക്കോട്: സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള നടപടികള്‍ സാധ്യമല്ലെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്‍വര്‍ നേതൃത്വത്തെ സമീപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. പാര്‍ട്ടിയില്‍ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയില്‍ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കാനാകില്ല. നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തതായി അറിയില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു.

ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്നാണു വിവരം. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *