പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി. സരളപ്പതി തേവർ തോട്ടത്തിൽ മുനിസ്വാമിയെ (63) ആണ് പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയിലുള്ള അണ്ണാനഗറിൽ നിന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് ചെത്തിമിനുക്കിയ ചന്ദന മുട്ടികൾ പിടിച്ചെടുത്തു. ചന്ദനക്കടത്തിന് ഉപയോഗിച്ച വാഹനവും വനം വകുപ്പ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഈ വർഷം ജനുവരിയിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുമാണ് ചന്ദന മരങ്ങൾ കടത്തിക്കൊണ്ട് പോയത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ സുങ്കം റെയിഞ്ചിലുള്ള ഇലത്തോട് സെക്ഷനിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുച്ചിമുടിയിൽ നിന്ന് മുപ്പത്തിയഞ്ചോളം ചന്ദന മരങ്ങൾ മുറിച്ചിരുന്നു. ഇതിൽ നിന്നുള്ള 18 എണ്ണമാണ് കടത്തിക്കൊണ്ട് പോയത്. ഈ സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, 10 ആന്റി പോച്ചിങ് വാച്ചർമാർ എന്നിവരെ വനം വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു.പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത്തിന്റെ നിർദേശപ്രകാരം ചന്ദനം കടത്തിയവരെ പിടികൂടാൻ രാത്രികാല പരിശോധനകളുൾപ്പെടെ വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഫലമായാണ് തമിഴ്നാട് സ്വദേശി അറസ്റ്റിലായത്.

