തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ മൊഴിയെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്എഫ്‌ഐഒ അന്വേഷണം തന്നെ പ്രഹസനമാണെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും നേരത്തേയും തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഎം- ബിജെപി ബാന്ധവം മറയ്ക്കാനാകില്ലെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം പ്രഖ്യാപിച്ച് 10 മാസം ആയി. ചോദ്യം ചെയ്യല്‍ ഇതിന്റെ ഭാഗമാണ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തന്നെ പ്രഹസനമാണ്. ഇതില്‍ പുതുതായി ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പല കേസുകളിലും ഇതുവരെ ഉണ്ടായിരിക്കുന്നതെല്ലാം വെറും പ്രഹസനമാണ്. ഈ കേസിലും അത് ആവര്‍ത്തിക്കും. ഇത് തന്നെ കരുവന്നൂര്‍ കേസിലും പറഞ്ഞതാണ്. സിപിഎമ്മിന്റെ പ്രധാന നേതാക്കളെ എല്ലാം കേസുമായി ബന്ധപ്പെട്ട് വിളിച്ചു. ഇപ്പോള്‍ അറസ്റ്റ് ചെയ്യും എന്നൊക്കെ തോന്നും. ഇഡി പിടിമുറുക്കുന്നുവെന്ന് പറഞ്ഞിട്ടും എന്തായി?. കരുവന്നൂര്‍ കേസിലും സുരേന്ദ്രന്റെ രണ്ട് കേസിലുമെല്ലാം ചെയ്തത് ഈ കേസിലും ആവര്‍ത്തിക്കും. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടക്കുന്ന കാര്യങ്ങളാണിത്. ഇത് തെരഞ്ഞെടുപ്പിന് മുമ്പ് കാണിക്കുന്ന അഭ്യാസവും ഷോയുമാണെന്നും സതീശന്‍ വ്യക്തമാക്കി.

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ച് വീണയുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്‌ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമായിരുന്നു മൊഴിയെടുപ്പ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *