ഇടുക്കി: 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജലവൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. പദ്ധതിയുടെ ഭാഗമായി ദേവിയാര്‍ പുഴയ്ക്ക് കുറുകെ വാളറയില്‍ 222 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ ഉയരത്തിലുമുള്ള തടയണ നിര്‍മിച്ചു. ഈ തടയണയില്‍നിന്നുള്ള ജലമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുക. നീണ്ടപാറയില്‍ നിര്‍മിച്ചിട്ടുള്ള നിലയത്തില്‍ പെന്‍സ്റ്റോക്ക് പൈപ്പുവഴി വെള്ളമെത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും വിധമാണ് പദ്ധതി ക്രമീകരണം.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബര്‍ 28 തിങ്കളാഴ്ച യാഥാര്‍ത്ഥ്യമാവുകയാണ്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 99 മില്യണ്‍ യൂണിറ്റ് ഉത്പാദന ശേഷിയുമുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി 2009 ല്‍ നിര്‍മ്മാണം തുടങ്ങുകയും ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. പിന്നീട് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലായത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2018 ല്‍ നിര്‍മ്മാണം പുനരാരംഭിക്കുവാനായി റീടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിക്കുകയും പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 30 മെഗാവാട്ട്, 10 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇതില്‍ 10 മെഗാവാട്ടിന്റെ ജനറേറ്റര്‍ ഇക്കഴിഞ്ഞ ജൂലൈ 10 മുതലും 30 മെഗാവാട്ടിന്റെ ജനറേറ്റര്‍ സെപ്തംബര്‍ 30 മുതലും ഗ്രിഡുമായി ബന്ധിപ്പിച്ചുകൊണ്ട് പൂര്‍ണ്ണ ശേഷിയില്‍ പ്രവൃത്തിച്ചുവരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണകാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകളാണ് ഈ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയത്. ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെയുള്ള വലിയ ചുവടുവെപ്പാണ് തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *