കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച (നവംബര്‍ 8) വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയായി. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നും ഇതിന്റെ ദൃശ്യങ്ങള്‍ കെടിഡിസിയുടെ ഹോട്ടലില്‍ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ സ്വര്‍ണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ.വിശ്വന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഫോണ്‍ വിളിച്ചാല്‍ കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷന്‍ മറുവാദത്തില്‍ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായി. എഡിഎമ്മും പ്രശാന്തും ഫോണില്‍ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകും? പ്രശാന്ത് ബാങ്കില്‍ നിന്ന് വായ്പയെടുത്തത് കൈക്കൂലി നല്‍കാനാണെന്ന് പറയാന്‍ തെളിവെന്താണ്? കൈക്കൂലി നല്‍കിയെന്നത് പ്രശാന്തിന്റെ ആരോപണം മാത്രമാണ്. 19ാം വയസില്‍ സര്‍വീസില്‍ പ്രവേശിച്ച നവീന്‍ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങള്‍ ഉണ്ടായിട്ടേയില്ല. ആരോപണം ഉയര്‍ന്ന കണ്ണൂരിലെ ഫയലില്‍ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നല്‍കിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നല്‍കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. കളക്ടര്‍ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യു അന്വേഷണത്തില്‍ കളക്ടര്‍ നേരിട്ട് മൊഴി നല്‍കിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നല്‍കിയത്. കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *