
കുട്ടമ്പുഴയിൽ കാടിനുള്ളിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി പുറത്തെത്തിച്ചു. ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ പറഞ്ഞു. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും ചുറ്റിലും കൂരിടുട്ടായിരുന്നുവെന്നും രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്താണ് വനത്തിൽ 3 സ്ത്രീകളെ കാണാതായത്. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്ത് ഇവരെ കണ്ടെത്തിയെന്ന് ഡിഎഫ്ഒ അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്.
ഇരുട്ടു വീണതോടെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്.
