ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാര് എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ്.
തമിഴ്നാട്ടില്‍ പരക്കെ മഴ പെയ്യുന്നതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ്. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സന്ദര്‍ശനം നടത്തും. വിഴുപ്പുറത്ത് നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും എന്‍ഡിആര്‍എഫും സജ്ജമാണ്.
തമിഴ്നാട്ടിലെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കടലൂര്‍, വില്ലുപുരം, കൃഷ്ണഗിരി ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സേലം, ധര്‍മ്മപുരി, തിരുവണ്ണാമലൈ, തിരുപ്പത്തൂര്‍, വെല്ലൂര്‍, റാണിപ്പേട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
