ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകില്ലെന്ന് മരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാരന്‍ പറഞ്ഞു. ഇന്നലെ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്തിട്ട് ഒന്നരമാസം മാത്രമെ ആയിട്ടുളളൂവെന്നും ഇബ്രാഹിമിന്റെ നാട്ടുകാരന്‍ അറിയിച്ചു. ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ നിന്നും തിരിക്കുമെന്നും നാട്ടുകാരന്‍ വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റ് പളളിയിലായിരിക്കും സംസ്‌കാരം നടക്കുകയെന്നും ഇബ്രാഹിമിന്റെ നാട്ടുകാരന്‍ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിനിമയ്ക്ക് പോകുംവഴിയായിരുന്നു അപകടം.കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരാണ് മരിച്ചത്. കോട്ടയം പാല സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്‌സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ബസിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *