ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. കാറോടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതിന്റെ തെളിവ് ലഭിച്ചു. വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരില്‍ വാഹനം നല്‍കിയെന്നായിരുന്നു ഉടമയുടെ മൊഴി.

കേസില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.തിങ്കളാഴ്ച രാത്രി കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *